തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടി. ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളില്‍ ഉള്‍പ്പെടെയുള്ള മത ചടങ്ങുകളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ അടച്ചിട്ട ഇടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. 2020ല്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ പറയുന്നു. അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ടായിരിക്കെ കൃത്യമായി പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിലാണ് ബാലാവകശാ കമ്മീഷന്‍ ഇടപെട്ടത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.