സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍.
കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്.
പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.
ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.