ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായി വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് ഓണ്‍ലൈന്‍ ആയി പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.
2023-24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഹമാസ് പോലുള്ള സംഘടനകളെ പിന്തുണക്കുന്നവരെ കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്കാണ് അമേരിക്ക തുടക്കമിട്ടിരിക്കുന്നത്. 300 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാഴ്ചക്കുള്ളില്‍ ഇതിലൂടെ മടങ്ങി പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചു.