തിരുവനന്തപുരം: ലോകമെമ്പാടുമുളള ജനങ്ങള്‍ ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് സ്വീഡനാണ്. ഒരേയൊരു ഭൂമി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം. പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് അമ്പത് ദിവസമാവുകയാണ്. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തില്‍ 1973 മുതല്‍ വര്‍ഷം തോറും ജൂണ്‍ അഞ്ചിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.
ജൂണ്‍ അഞ്ച് ലോകപരിസ്ഥിതിദിനമായി ആചരിക്കാന്‍ യു എന്‍ തീരുമാനിച്ചത് 1972 -ലാണ്. 1974 മുതല്‍ ദിനാചരണം തുടങ്ങി. ഇക്കുറി ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം സ്വീഡനാണ്.
ലോകത്ത് പരിസ്ഥിതിദിനാചരണം നടക്കട്ടെ, നമുക്കെന്ത് കാര്യം എന്ന വിചാരം മാറ്റുന്നിടത്താണ് നമ്മള്‍ ഓരോരുത്തരും ഉത്തരവാദിത്തബോധമുള്ളവരാവുക. ഭരണ, വികസനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഭാവി കൂടി മുന്നില്‍ കണ്ടുള്ള നടപടികളെടുക്കുമ്പോഴാണ് കാര്യങ്ങള്‍ നേരെയാവുക. മണ്ണിന്റെ സ്വഭാവം പരിഗണിക്കാത്ത, വായുവും ജലവും മലിനമാക്കുന്ന, ഭാവിയെ പറ്റി ഓര്‍ക്കാത്ത വികസനനിര്‍മാണപദ്ധതികള്‍ നമുക്ക് ശേഷം ഭൂമിയില്‍ ജീവിച്ചുതീര്‍ക്കേണ്ട തലമുറകള്‍ക്ക് ഉണ്ടാക്കാവുന്ന തലവേദനകള്‍ ആലോചിക്കണം. പ്രശ്‌നങ്ങള്‍ ഓര്‍ക്കണം.