കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിലെ ഭാഗമെന്ന് നിഗമനം.മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടിയിലായ ഷാരൂഖ് സെയ്ഫിയെ പ്രാഥമിക ചോദ്യംചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്.പൊള്ളലിനു ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയ ഇയാളെ, തുടര്‍ന്ന് ട്രെയിനില്‍ മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.
ഗുജറാത്തിലേക്ക് രക്ഷപ്പെടാനായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷാരൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷാരൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും.