സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. എന്നാല്‍ അറസ്റ്റും റിമാന്‍ഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കല്ലിട്ടുള്ള സര്‍വേ വേണ്ടെന്ന് വച്ചതോടെ ഈ കേസുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടര്‍നടപടികളുമായി മുന്നോട്ട് പോവും. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രവും നല്‍കും. കേസ് പിന്‍വലിച്ചാല്‍ സമരങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്നും അതിനാല്‍ അത്തരം നടപടികള്‍ വേണ്ടെന്നുമാണ് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും നിലപാട്.