നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പൊലീസിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടു.
വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താന്‍ ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയതെന്ന് ഷൈന്‍ മൊഴി നല്‍കി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടന്‍ തമിഴ്‌നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ട്. താന്‍ അവരെ പേടിക്കുന്നു. അവര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം.
ഷൈനിന്റെ ഫോണ്‍ സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും ആണ് നിലവില്‍ പൊലീസ് പരിശോധിക്കുന്നത്. ഇതില്‍ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സെന്‍ട്രല്‍ എ.സി.പി സി.ജയകുമാര്‍, നാര്‍ക്കോട്ടിക് എ.സി.പി കെ. എ അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുന്നില്ല എന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്.