നിലമ്പൂര്‍: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം മൈസൂരില്‍ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദിനെയാണ് (26) നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസുരുവില്‍ നിന്നും തട്ടിക്കൊണ്ട് വന്ന് ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ട് വരാന്‍ ഉപയോഗിച്ച മാരുതി ഈക്കോ വാനും പ്രതിയായ അജ്മലിന്റെ പേരിലാണ് ഷൈബിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കണ്ടെത്തി. ഈ വാഹനം പിന്നീട് വിറ്റൊഴിവാക്കി. കൃത്യത്തിന് ശേഷം ഷൈബിന്റെ ബന്ധുവായ, ഇപ്പോഴും ഒളിവില്‍ കഴിയുന്ന, കൈപ്പഞ്ചേരി ഫാസില്‍ മുഖേന വന്‍ തുക പാരിതോഷികം ലഭിച്ചതായും വാഹിദ് സമ്മതിച്ചു.