മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയ ചേരിത്തിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും സ്വതന്ത്രമായി വായുപോലും ഈഴവര്‍ക്ക് ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന. മലപ്പുറം ചുങ്കത്തറയില്‍ ഇന്നലെ നടന്ന കണ്‍വെന്‍ഷനുകളിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.
”മലപ്പുറത്ത് ഈഴവര്‍ക്ക് കടുത്ത അവഗണനയാണ്. അവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ല” എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.