അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നാണിത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ ഇന്ധന ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത്. ഇതോടെയാണ് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും അസംസ്‌കൃത എണ്ണയുടെ വില നവംബറില്‍ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്ത് കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 3 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ മാര്‍ച്ചില്‍ 127 ഡോളറായിരുന്ന എണ്ണ വില 80 ഡോളറിലേക്ക് താഴ്ന്നു. ബാരലിന് ഏതാണ്ട് നാല്പത് ഡോളറിന് മേലെ കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്തെ എണ്ണവിലയില്‍ കുറവുണ്ടായിട്ടില്ല. ചൈനയില്‍ നിന്നുള്ള ആവശ്യത്തിന് കുറവ് വന്നിട്ടും ഓപക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വിലയില്‍ ഇനിയും കുറവ് ഉണ്ടായേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദരും പറയുന്നത്.