തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ കാർ ഉടമയ്ക്കെതിരെ കർശന നടപടിയുമായി പൊലീസ്. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തുറവൂർ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം അണയ്ക്കാനായി ആലപ്പുഴയിൽ നിന്നും പുറപ്പെട്ട ഫയർഫോഴ്‌സ് യൂണിറ്റിനാണ് കാർ തടസ്സമുണ്ടാക്കിയത്. ഏകദേശം 15 മിനിറ്റോളം നേരം സൈറൺ മുഴക്കി എത്തിയ അഗ്നിരക്ഷാ സേനാ വാഹനത്തിന് മുന്നിൽ വഴിമാറാതെ സുജിത്ത് കാർ ഓടിക്കുകയായിരുന്നു.
ആലപ്പുഴ എസ്.എച്ച്.ഒ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബി.എൻ.എസ് (BNS) 281, 285 വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിർണ്ണായകമായ രക്ഷാപ്രവർത്തന സമയത്ത് ഫയർഫോഴ്‌സിനെ തടഞ്ഞ സംഭവം വലിയ ജനരോഷത്തിന് കാരണമായിരുന്നു.




