മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി വീണ്ടും പൊലീസ് സംഘം മുംബൈയിലേക്ക് പോകാനാണ് തീരുമാനം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിന്റെ നീക്കം.
നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. അവര്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ് വേണമെന്ന് കുട്ടികളുമായി സംസാരിച്ചതില്‍ പൊലീസിനു ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിങ് നല്‍കിയതിനു ശേഷമേ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയുള്ളുവെന്ന് പൊലീസ് തീരുമാനിച്ചത്.
സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകല്‍, പോക്‌സോ ആക്ട് പ്രകാരമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.