കാസർഗോഡ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരുക. പ്രതികൾക്കായി ഹാജരായത് കാസർഗോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ്.
യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്നാണ് പ്രതികളുടെ ആരോപണം. തങ്ങളെ മനഃപൂർവം കേസിൽ പെടുത്തിയതാണെന്ന് പ്രതിയായ അബ്ദുൾ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് കേസിൽ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ജയിൽ മോചിതരായ ശേഷം മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കുമെന്നും അബ്ദുൾ സലാം വ്യക്തമാക്കി. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മറ്റൊരു പ്രതിയായ മുഹമ്മദ് ഹുസൈൻ പറഞ്ഞു. കേസിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികൾ പ്രതികരിച്ചില്ല.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.




