കൊച്ചിയിൽ സ്കൂൾ ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രമുഖ സ്കൂളിലെ ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ യാത്ര ചെയ്യിക്കരുതെന്ന മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണ് സ്കൂൾ അധികൃതരുടെ അടിയന്തര തീരുമാനം. നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയ ആർടിഒ, നിർദേശം ലംഘിച്ച് സർവീസ് നടത്തിയാൽ ബസുകൾ കസ്റ്റഡിയിലെടുക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി എറണാകുളം ആർടിഒ കെ.ആർ. സുരേഷിന്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രമുഖ സ്കൂളിന്റെ വാഹനങ്ങൾ കുടുങ്ങിയത്. സ്കൂളിന്റെ ചെറുതും വലുതുമായ പത്തോളം വാഹനങ്ങൾക്കെതിരെയാണ് നിലവിൽ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ചില ബസുകൾ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും കുട്ടികളുമായി നിരത്തിൽ സർവീസ് നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നിലപാട് കടുപ്പിച്ചതോടെയാണ്, കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ സ്കൂൾ അധികൃതർ നിർബന്ധിതരായത്.
ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സ്കൂൾ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് ഫിറ്റ്നസ് പരിശോധന വൈകാൻ കാരണമായതെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. എന്തായാലും സ്കൂൾ തുറന്ന പ്രാരംഭ ദിനങ്ങളിൽ തന്നെ ബസുകളുടെ ഫിറ്റ്നസ് ഇല്ലായ്മ കാരണം കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങേണ്ടി വന്നത് രക്ഷിതാക്കൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.




