തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി.
പുന്നമൂട്, മൈതാനം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലെ 11 സ്ഥാപനങ്ങളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്.
അമ്മിക്കല്ല് ഹോട്ടൽ, ഇന്ദ്രപ്രസ്ഥ ബാർ ഹോട്ടൽ, ഓലപ്പുര, തനി നാടൻ തട്ടുകട, വർക്കല തട്ടുകട എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
പിഴ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധനകൾ തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും വർക്കലയിൽ വിവിധ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.




