ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍. ബ്ലൂസ്‌കൈയില്‍ 20 മില്യണ്‍ അഥവാ രണ്ട് കോടി ഉപഭോക്താക്കളുടെ എണ്ണം കടന്നു. ബ്ലൂസ്‌കൈ സിഇഒയും വനിതയുമായ ജയ് ഗ്രാബറാണ് ഇക്കാര്യം അറിയിച്ചത്.
ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് എക്‌സ് വിട്ട് ആളുകള്‍ ബ്ലൂസ്‌കൈയിലേക്ക് മാറിയത്. 115,000 എക്‌സ് അക്കൗണ്ടുകളാണ് ഒറ്റദിനം കൊണ്ട് ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടത് എന്നാണ് കണക്കുകള്‍. എക്‌സിന്റെ നയങ്ങളില്‍ വിമര്‍ശനമുള്ളവരും ട്രംപിനോട് അമര്‍ഷമുള്ളവരും എക്‌സിനോട് ബൈ പറയുകയായിരുന്നു. ശതകോടീശ്വരനും എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്നയാളാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം 500 ശതമാനം വളര്‍ച്ചയാണ് ബ്ലൂസ്‌കൈയുടെ യൂസര്‍മാരില്‍ രേഖപ്പെടുത്തിയത് എന്നാണ് കണക്കുകള്‍. അമേരിക്കയ്ക്ക് പുറമെ ബ്ലൂസ്‌കൈക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത് ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്. കോണ്ടന്റ് മോഡറേഷന്‍ പോളിസില്‍ മസ്‌കുമായുള്ള നിയമപോരാട്ടത്തിനെ തുടര്‍ന്ന് ബ്രസീലില്‍ ഒരുവേള എക്‌സിന് നിരോധനമുണ്ടായതിന് പിന്നാലെ ബ്രസീലുകാര്‍ കൂടുതലായി ബ്ലൂസ്‌കൈയില്‍ അക്കൌണ്ട് തുറക്കുകയായിരുന്നു.
2023ല്‍ ട്വിറ്ററിന്റെ മുന്‍ സിഇഒയായ ജാക്ക് ഡോര്‍സി ആരംഭിച്ചതാണ് ബ്ലൂസ്‌കൈ. എന്നാല്‍ അദേഹം അധികകാലം അവിടെ തുടര്‍ന്നില്ല. ഇപ്പോള്‍ ബ്ലൂസ്‌കൈക്കുള്ളത് വളരെ കുറഞ്ഞ ജീവനക്കാര്‍ മാത്രമാണ്. 20 പൂര്‍ണ സമയ തൊഴിലാളികളെ തനിക്ക് കീഴിലുള്ളൂ എന്ന് ജയ് ഗ്രാബര്‍ പറയുന്നു. അതിനാല്‍ തന്നെ ഓരോ തൊഴിലാളിയും 10 ലക്ഷം ബ്ലൂസ്‌കൈ ഉപഭോക്താക്കളുടെ കോണ്ടന്റ് മോഡറേറ്റ് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് അവര്‍ പറഞ്ഞു. റെക്കോര്‍ഡ് വളര്‍ച്ചയാണെങ്കിലും ബ്ലൂസ്‌കൈ എക്‌സിന് മുന്നില്‍ ഇപ്പോഴും ശിശുവാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റുകളില്‍ എക്സിന് 259 മില്യണും മെറ്റയുടെ ത്രഡ്സിന് 275 മില്യണും മാസത്തില്‍ സജീവ ഉപയോക്താക്കളുണ്ട്.