മുസ് ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ പൊലീസ് സാന്നിധ്യത്തില്‍ ആഹ്വാനം ചെയ്ത വിവാദ സന്യാസിയെ 11 ദിവസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഖൈരാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസിന്‍ ആശ്രമ മേധാവി ബജ്‌റംഗ് മുനിദാസിനെയാണ് ദിവസങ്ങള്‍ നീണ്ട നിസ്സംഗത വെടിഞ്ഞ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ രണ്ടിനായിരുന്നു ബജ്‌റംഗ് മുനിദാസ് മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് പൊലീസിനെ സാക്ഷിയാക്കി പ്രസംഗിച്ചത്.
എന്നാല്‍ ഈ സമയവും ഇതിനു ശേഷവും നടപടി സ്വീകരിക്കാതിരുന്ന പൊലീസ് ദിവസങ്ങള്‍ക്ക് ശേഷം പ്രതിഷേധം വ്യാപകമാവുകയും ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തതോടെയാണ് കേസെടുക്കാന്‍ പോലും തയ്യാറായത്. വിദ്വേഷ പ്രസംഗം നടത്തിയതിനായിരുന്നു കേസ്. ബലാല്‍സംഗം ആഹ്വാനം നടത്തുന്ന പ്രസംഗത്തിലെ രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുനിദാസ് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നായിരുന്നു മുനിദാസിന്റെ വാദം.