തിരുവനന്തപുരം വലിയതുറയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കടയുടമയായ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വലിയതുറ സ്വദേശി ഷിജിഷ് സ്റ്റാൻലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനിരയായ സ്ത്രീ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കടയുടമകൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് പ്രതിയായ ഷിജിഷ് സ്റ്റാൻലി സമീപത്തെ കടയുടമയായ സ്ത്രീയെ ക്രൂരമായി അക്രമിച്ചത്. യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അറസ്റ്റിലായ ഷിജിഷ് സ്റ്റാൻലി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. പൂന്തുറ, വലിയതുറ ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിലവിൽ ഏഴോളം അക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.




