സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരള എപ്പിഡെമിക് ഡിസീസ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ് 2020 ന്റെ സെക്ഷന്‍ (4) പ്രകാരം കോഴിക്കോട് ജില്ലാ കളക്ടര്‍ ഇനിപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് – 1,2,3,4,5,12,13,1, 15 വാര്‍ഡുകള്‍
മരുതോങ്കര ഗ്രാമപ്പഞ്ചായത്ത് – 1,2,3,4,5,12,13, 14 വാര്‍ഡുകള്‍
തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് – 1,2, 20
കുറ്റിയാടി ഗ്രാമപ്പഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡുകള്‍
കായക്കൊടി ഗ്രാമപ്പഞ്ചായത്ത് – 5,6,7,8,9,10 വാര്‍ഡുകള്‍
വില്ലിയാപ്പള്ളി ഗ്രാമപഞ്ചായത്ത് – 6, 7 വാര്‍ഡുകള്‍
കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് – 2,10,11,12,13,14,15, 16
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍, മാതൃസഹോദരന്‍ 25 വയസുകാരന്‍, കഴിഞ്ഞ ദിവസം മരണമടഞ്ഞ 40 വയസുകാരന്‍ എന്നിവര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ആദ്യം മരണമടഞ്ഞ 47 വയസുകാരനും നിപ പോസിറ്റീവാണെന്ന് അനുമാനിക്കുന്നതായി മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് അറിഞ്ഞയുടന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു. കൂടാതെ ആരോഗ്യ മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തി വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ജില്ലയിലെ എംഎല്‍എമാര്‍, രോഗബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാകളക്ടര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം ചേര്‍ന്നു. നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണം വിലയിരുത്തി. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗീ പരിചരണത്തിനാവശ്യമായ പിപിഇ കിറ്റ്, എന്‍. 95 മാസ്‌ക്, മറ്റ് സുരക്ഷാ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തി. മതിയായ ജീവനക്കാരേയും ഉറപ്പ് വരുത്തിയിട്ടുണ്ട്.