കാണ്‍പൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസില്‍ ലഹരിമരുന്ന് കടത്തിയ ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കരാര്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചത് കാണ്‍പൂരിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കോടതിയാണ്. തടവ് ശിക്ഷയ്ക്ക് പുറമേ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ചരസ് ബസില്‍ എത്തിച്ച് കാണ്‍പൂരില്‍ വിറ്റഴിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇയാള്‍ കുടുങ്ങിയത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയിലാണ്. സഞ്ജയ് തിവാരി എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാളില്‍ നിന്ന് 5 കിലോഗ്രാം ലഹരിമരുന്നാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയത്. സ്റ്റെബിലൈസര്‍ കാര്‍ട്ടണില്‍ വച്ചായിരുന്നു ലഹരി കടത്ത്. നേപ്പാള്‍ സ്വദേശിയായ ഇടനിലക്കാരനില്‍ നിന്നായിരുന്നു ഇയാള്‍ ചരസ് വാങ്ങിയിരുന്നത്.