കോട്ടയം: അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരന്‍ ആശുപത്രിയില്‍.വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്.കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ (ഐസിഎച്ച്) പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയും ഹെല്‍പറുംഅപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30നാണു അപകടം നടന്നത്.കായിക്കരയില്‍ നഗരസഭയിലെ 25ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിനുള്ളില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ഒരു വശത്തെ ഭിത്തി പുറത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഇടിഞ്ഞുവീണ കെട്ടിട ഭാഗത്തിന്റെ മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു ഗൗതമെന്ന് ഹെല്‍പര്‍ എം ജി സിന്ധു പറഞ്ഞു. 12 കുട്ടികളുള്ള അങ്കണവാടിയില്‍ ഇന്നലെ 2 കുട്ടികളും സിന്ധുവും മാത്രമാണുണ്ടായിരുന്നത്.കുട്ടികള്‍ ഭൂരിഭാഗവും എത്താതിരുന്നിനാല്‍ വലിയ അപകടം ഒഴിവായി. ഗൗതമിന്റെ കണ്ണിനു താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. വലതു കാലില്‍ തുടയെല്ലിനും മുട്ടിനു താഴെ രണ്ടിടങ്ങളിലും പൊട്ടലുണ്ട്. തലയോട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാടകക്കെട്ടിടത്തില്‍ 8 മാസം മുന്‍പാണ് അങ്കണവാടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഈ കെട്ടിടത്തിനു നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
