കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. വെള്ളിമാടുകുന്നിൽ 108 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂർ സ്വദേശി അമൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് (DANSAF) സംഘവും ചേവായൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വെള്ളിമാടുകുന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇന്ന് പുലർച്ചെ ഇവരെ പിടികൂടിയത്. വരാനിരിക്കുന്ന അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തിലെ യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി വിതരണം ചെയ്യാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ അമൽ കുമാർ മുൻപും ലഹരി കേസുകളിൽ പ്രതിയാണ്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ അമൽ രണ്ടുമാസം മുൻപാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. നഗരത്തിലെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. പോലീസിന്റെ സംശയം ഒഴിവാക്കാൻ യുവതികളുടെ പേരിൽ ലോഡ്ജുകളിൽ മുറിയെടുക്കുകയും അവിടെ താമസിച്ച് ഇടപാടുകൾ നടത്തുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായി ചേവായൂർ പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.




