ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗ്രീൻ റൂം പ്രൊഡക്ഷൻസിനൊപ്പം കുഞ്ചാക്കോ ബോബൻ വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ഹെയ്ൽ മേരി’. റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയെ പ്രശംസിച്ച് മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജീത്തു ജോസഫും രംഗത്തെത്തി.
ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലറാണ് ചിത്രമെന്നും തിയേറ്ററിൽ ഈ സിനിമ മിസ് ചെയ്യരുതെന്നുമാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംവിധായകന്റെ വാക്കുകളും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് കേരളത്തിൽ മാത്രം നാൽപ്പതോളം അധിക ലേറ്റ് നൈറ്റ് ഷോകളാണ് റിലീസ് ദിനത്തിൽ കൂട്ടിച്ചേർത്തത്. ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിൽ മുന്നിലെത്തിയ ചിത്രത്തിന് 9.4 റേറ്റിങ്ങും ലഭിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകരിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം ചിത്രത്തിന്റെ ദൃശ്യഭംഗിയും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും പ്രത്യേകം പ്രശംസിക്കപ്പെടുന്നുണ്ട്. വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നവാഗതനായ വിഷ്ണു രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
റോബി വർഗീസ് രാജാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളാണ്.
മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും താരങ്ങളുടെ പ്രകടനങ്ങളും ചേർന്നൊരുക്കിയ ‘ഹെയ്ൽ മേരി’ റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത എങ്ങനെയാകുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.




