തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ യു.ഡി.എഫിന് മുന്നേറ്റം. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 18 വാർഡുകളിൽ യു.ഡി.എഫ് മുന്നിട്ടുനിൽക്കുന്നു.
ധർമ്മടം മണ്ഡലത്തിലെ പെരളശ്ശേരി ബാവോട് ഈസ്റ്റ് വാർഡ് എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. രതീഷ് 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ സി.പി.എമ്മിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി.പി.എം വിജയിച്ചത്.
മലപ്പുറത്തെ നാല് വാർഡുകളിലും നിലവിലെ മുന്നണികൾ സീറ്റുകൾ നിലനിർത്തി. വേങ്ങര മൂന്നാം വാർഡും താനാളൂർ ഒന്നാം വാർഡും യു.ഡി.എഫ് നിലനിർത്തിയപ്പോൾ മങ്കട നാലാം വാർഡും കാലടി പന്ത്രണ്ടാം വാർഡും എൽ.ഡി.എഫ് നിലനിർത്തി. മങ്കടയിൽ മുസ്ലിം ലീഗ്–വെൽഫെയർ സഖ്യത്തെ എൽ.ഡി.എഫ് പരാജയപ്പെടുത്തി.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി രമ്യ വി. തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് പിടിച്ചെടുത്തതോടെ എൽ.ഡി.എഫിന് ഇനി ഒറ്റയ്ക്ക് പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷമായി.
ചിറ്റൂർ പരുത്തിക്കാട് വാർഡിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു.
കോഴിക്കോട് കുറ്റിച്ചിറ വാർഡിൽ യു.ഡി.എഫിനാണ് വിജയം. പാലക്കാട് പട്ടഞ്ചേരി വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു. മംഗലപുരം പഞ്ചായത്തിലെ പട്ടട വാർഡും എൽ.ഡി.എഫ് നിലനിർത്തി.
ഇടുക്കി മുട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ തിരുവല്ല കുറ്റൂരിലും യു.ഡി.എഫിനാണ് ജയം.
38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 22 വാർഡുകൾ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളും 15 വാർഡുകൾ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളുമാണ്.
ട്വന്റി-20 അംഗം രാജിവെച്ചതിനെ തുടർന്ന് എറണാകുളം പൂതൃക്ക പഞ്ചായത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന എട്ട് തദ്ദേശ വാർഡുകളുമുണ്ട്. ഇതിൽ ഏഴ് വാർഡുകളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.




