കോഴിക്കോട് കുറ്റിച്ചിറ വാർഡിൽ ലീഗിന്റെ വിജയം, എന്നാൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്. യുഡിഎഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഫർസീന അറയ്ക്കലിന് 2,681 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജംഷീനയ്ക്ക് 2,275 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ജീന കെ 204 വോട്ട് നേടി.
കഴിഞ്ഞ തവണ ഫാത്തിമ തഹ്ലിയ നേടിയ 2,073 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിക്ക് നിലനിർത്താനാകാതെ പോയത്. ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. വോട്ടിങ് ശതമാനം കുറഞ്ഞതാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡ് യുഡിഎഫ് നിലനിർത്തി. ഫാത്തിമ തഹ്ലിയയും ദീപക് ജോയിയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും 433 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ എൽഡിഎഫിന്റെ വി. തുളസീധരൻ വിജയിച്ചു.
ഇടുക്കി മുട്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എൽഡിഎഫ്‌ിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി എൽസമ്മ ടോം വിജയിച്ചു.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലെ ഒമ്പതാം വാർഡ് എൽഡിഎഫ് നിലനിർത്തി. 18 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചത്.




