തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിൽ ജാഗ്രത
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്കു സമീപം നിൽക്കാതിരിക്കുകയും വേണം.
വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യണം. ടെലിഫോൺ ഉപയോഗം ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്രയും ഒഴിവാക്കണം.
ജലാശയങ്ങളിൽ ഇറങ്ങുകയോ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. വളർത്തുമൃഗങ്ങളെയും തുറസായ സ്ഥലത്ത് കെട്ടിയിടരുത്.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ല. അതിനാൽ മിന്നലേറ്റവർക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകുകയും വൈദ്യസഹായം എത്തിക്കുകയും വേണം. മിന്നലേറ്റ ശേഷമുള്ള ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.




