എറണാകുളം: കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറിൽ പി.വി. കുര്യാക്കോസ് ഭാര്യ കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.
വിദേശത്തുള്ള മകനെ വിവരം അറിയിച്ചതും കുര്യാക്കോസ് തന്നെയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വിശ്രമത്തിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




