മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വ്യാപക നടപടി. ജില്ലയിൽ 194 കേസുകൾ രജിസ്റ്റർ ചെയ്ത് 94 പേരെ അറസ്റ്റ് ചെയ്തു. 750 റെയ്ഡുകൾ നടത്തിയ പൊലീസ് 171 ഉപകരണങ്ങളും 320 രേഖകളും പിടിച്ചെടുത്തു.
രാജ്യവ്യാപകമായി നടക്കുന്ന സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെയാണ് പ്രധാനമായും പൊലീസ് ലക്ഷ്യമിട്ടത്. തട്ടിയെടുത്ത പണം ചെക്കുകളിലൂടെയും എ.ടി.എം വഴിയും പിൻവലിച്ചവരും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരും അറസ്റ്റിലായിട്ടുണ്ട്.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടവരെ നോട്ടീസ് നൽകി വിട്ടയച്ചു. എന്നാൽ ഇവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടിയും അറസ്റ്റും ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ കൈമാറ്റം ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് പൊലീസ് പറയുന്നത്.
ഏകദേശം 25,000 ബാങ്ക് അക്കൗണ്ടുകൾ ഇത്തരത്തിൽ കൈമാറ്റം ചെയ്ത് സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് സൈബർ വിഭാഗത്തിന്റെ വിലയിരുത്തൽ. പലപ്പോഴും യഥാർഥ അക്കൗണ്ട് ഉടമ അറിയാതെയാണ് അക്കൗണ്ടുകൾ തട്ടിപ്പുകൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നത്. പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്.
ബാങ്ക് അക്കൗണ്ടുകളോ സിം കാർഡുകളോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകിയിട്ടുണ്ടെങ്കിൽ അവ അടിയന്തരമായി റദ്ദാക്കണമെന്നും പൊലീസ് നിർദേശിച്ചു. സംശയാസ്പദമായ കോളുകളും ഓൺലൈൻ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സൈബർ തട്ടിപ്പിന് ഇരയായാൽ പണം നഷ്ടപ്പെട്ടതിന് പിന്നാലെ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.




