മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹുസൈനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ ഹുസൈൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി തിരൂർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് പടിഞ്ഞാറേക്കര ജെട്ടിക്ക് സമീപം പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുന്നതിനായി തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെയാണ് മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങിയത്. ഇത് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ഭർത്താവ് ഹുസൈനിലേക്ക് നീളുകയായിരുന്നു. ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹുസൈനെ പൊലീസ് പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ദമ്പതികൾ തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നതായും ഫൗസിയ വീട്ടുജോലിക്ക് പോകുന്നതിനെച്ചൊല്ലിയായിരുന്നു പ്രധാനമായും പ്രശ്നങ്ങളെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ പിറ്റേദിവസം അർധരാത്രിയിലാണ് മീൻ വാരാനെന്നുപറഞ്ഞ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയത്. പിന്നീട് ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ് ഹുസൈനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




