തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ച കേസിൽ പ്രതികൾ പിടിയിൽ. പത്തനംതിട്ട കോട്ടമൺപാറ സീതത്തോട് സ്വദേശികളായ നന്ദു, അദ്വൈത് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്താണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു.
അധ്യാപിക വാഹനത്തിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നത് അന്വേഷണത്തിൽ പൊലീസിന് നിർണായകമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച സ്വർണമാല ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ലഭിച്ച പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പ്രതികൾ പിന്നീട് തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടയിൽ നിന്ന് മാല പൊലീസ് കണ്ടെടുത്തു. കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
പ്രതികളിൽ ഒരാളായ നന്ദുവിന് മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




