തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി, 36, ഒഎംആർ എന്ന ലിജു, 28, കടയ്ക്കാവൂർ സ്വദേശി ഷിബു, 40, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച കേസിലാണ് നടപടി. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
മൂന്നംഗ സംഘം സുധീറിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് മുതുകിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




