മഴ പെയ്തതോടെ പുതുതായി പണിതുയർത്തിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ വൻ വെള്ളക്കെട്ട്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനുള്ളിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഓഫീസിനുള്ളിൽ കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. സ്ഥലം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 95 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടായ ഒരു ലക്ഷത്തി എൺപതിനായിരം രൂപയും ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഈ ദുരവസ്ഥ. പ്രതിഷേധം ശക്തമായതോടെ അടിയന്തര ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ പ്രതിപക്ഷം സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ആഘോഷപൂർവ്വം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ചോർന്നൊലിച്ച് വെള്ളക്കെട്ടിലായത്. ആദ്യ മഴയിൽ തന്നെ ഭരണസിരാകേന്ദ്രം വെള്ളത്തിലായതോടെ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ അകത്തു കെട്ടിക്കിടന്ന വെള്ളത്തിൽ കടലാസ് കൊണ്ട് ഉണ്ടാക്കിയ കളിവഞ്ചികൾ ഒഴുക്കിയായിരുന്നു ജനപ്രതിനിധികളുടെ വേറിട്ട പ്രതിഷേധം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണിതുയർത്തിയ അങ്കണവാടികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ ഇപ്പോഴും മഴക്കാലത്ത് വൻ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിർമ്മാണ പ്രവൃത്തികളിലെ അഴിമതിയും അനാസ്ഥയുമാണ് ഇതിന് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എൻ.കെ കബീർ, മീന ശലമോൻ, വിജീഷ് എം.വി, സജിത എം.ആർ, ആനി ടീച്ചർ, ഷാജി വർഗീസ് എന്നിവരാണ് ഈ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയത്.
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, കരാറുകാരൻ, ബന്ധപ്പെട്ട നിർമ്മാണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് ഒത്തുതീർപ്പായത്. കെട്ടിടത്തിലെ വെള്ളക്കെട്ടിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഉറപ്പിന്മേലാണ് പ്രതിപക്ഷം സമരം അവസാനിപ്പിച്ചത്. എന്നാൽ വരും ദിവസങ്ങളിലും മഴ ശക്തമായാൽ കെട്ടിടത്തിന്റെ സുരക്ഷിതത്വം എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.




