പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പൊലീസ് സി.ഐക്കെതിരെ പരസ്യമായ കൊലവിളിയും ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ പാലക്കാട് നടന്ന പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു പൊലീസിനെതിരെയുള്ള ഈ രൂക്ഷമായ ഭീഷണി.
കേരളത്തിൽ ഭരണം മാറിയെന്ന് കരുതി പൊലീസ് എന്ത് തോന്ന്യാസവും കാണിക്കാമെന്ന് കരുതേണ്ടെന്നും, ഇ ഡി റെയ്ഡിനെതിരെ ഇപ്പോൾ നടക്കുന്നത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും സുരേഷ് ബാബു ഓർമ്മിപ്പിച്ചു. “നോർത്തിലൊരു സി.ഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാൻ നിൽക്കരുത് എന്നാണ് താക്കീതായി പറയാനുള്ളത്. മാന്യതയാണെങ്കിൽ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങൾ. മാന്യത വിട്ടാൽ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങൾ.” പൊലീസ് ഗുണ്ടായിസം കാണിക്കാൻ മെനക്കെട്ടാൽ ആ ഗുണ്ടകളെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. തങ്ങളെക്കാൾ ശക്തിയും കരുത്തുമുള്ള ഒരുപാട് പൊലീസുകാരെ നേരിട്ടാണ് കമ്മ്യൂണിസ്റ്റുകാർ ഇവിടെ വരെ എത്തിയതെന്നും സുരേഷ് ബാബു പറഞ്ഞു.
ഇ ഡിയെ ആക്രമിച്ചത് വെറുമൊരു തുടക്കം മാത്രമാണ്. ഇതിനപ്പുറമുള്ള നല്ല പൂരം കാണാൻ കിടക്കുന്നതേയുള്ളൂ. ഞങ്ങൾക്ക് ഇ ഡിയുമില്ല ഒരു ചുക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സി.ഐക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.




