മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ വയോധികയ്ക്ക് നേരെ ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി പരാതി. കാലുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കാലിലെ പ്രധാന ഞരമ്പുകൾ മുറിച്ചുമാറ്റിയെന്നാണ് ആക്ഷേപം. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാൽ ഇപ്പോൾ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ മെയ് 12-നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് പാർവതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. സർജറി കഴിഞ്ഞ് വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് പാർവതിയുടെ കാലിൽ അസ്വാഭാവികമായ തണുപ്പ് അനുഭവപ്പെടുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ ഉടൻ തന്നെ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിച്ചു. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വയോധികയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിഞ്ഞുപോയതാണ് ഇതിന് കാരണമായത്. എന്നാൽ ഈ ഗുരുതരമായ വിവരം ബന്ധുക്കളിൽ നിന്ന് പൂർണ്ണമായി മറച്ചുവെച്ചുകൊണ്ട്, രോഗിയെ അടിയന്തരമായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡ്യൂട്ടി ഡോക്ടർ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മഞ്ചേരിയിൽ നിന്ന് മാറ്റിയ വയോധികയെ ബന്ധുക്കൾ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിഴവ് പരിഹരിക്കാനും ജീവൻ നിലനിർത്താനുമായി ഇതിനോടകം തന്നെ കോഴിക്കോട്ട് വെച്ച് മൂന്നോളം ശസ്ത്രക്രിയകളാണ് പാർവതിക്ക് നടത്തിയത്. എങ്കിലും കാലിന്റെ അവസ്ഥ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, കേസ് സംബന്ധിച്ച രേഖകൾ പരിശോധിച്ച് കൃത്യമായ അന്വേഷണം നടത്തിയ ശേഷം വിശദീകരണം നൽകാമെന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന ഔദ്യോഗിക മറുപടി. വയോധികയുടെ കുടുംബം ആരോഗ്യവകുപ്പിനും പോലീസിനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.




