തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രവും സ്വർണ്ണവും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർണായക റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ട് ലഭിച്ച് 14 ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടുന്നത്. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി ഇന്ന് പരിശോധിക്കും.
അതിനിടെ, കടുത്ത വിവാദങ്ങൾക്കിടയിൽ ക്ഷേത്ര ഭരണസമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാക്കാനാണ് ഒരു വിഭാഗം ലക്ഷ്യമിടുന്നത്. കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരും ആദിത്യവർമ്മയുടെ അടുപ്പക്കാരുമായ ചിലർ ക്ഷേത്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നുവെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവർ സുരക്ഷാ സ്ക്രീനിംഗ് ഉൾപ്പെടെ ലംഘിച്ച് പരിശോധനകളൊന്നുമില്ലാതെയാണ് ക്ഷേത്രത്തിൽ കയറുന്നതും ഇറങ്ങുന്നതും. സ്ഥാനമാനങ്ങൾ നോക്കാതെ എല്ലാവർക്കും സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ക്ഷേത്രത്തിൽ നിന്ന് വജ്രം പതിച്ച അപൂർവ്വ ആഭരണമായ ‘വൈരനാമം’ കവർന്നതായാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ആറുമാസം മുൻപ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് രേഖകളിലുള്ളതെങ്കിലും ഇത് തിരികെ എത്തിയിട്ടില്ല. കൂടാതെ, ഭക്തർ സംഭാവന നൽകിയ സ്വർണ്ണത്തിലും കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്കും ആറുമാസമായിട്ടും തിരിച്ചുകൊണ്ടുവന്നിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രത്തിലെ സുരക്ഷാ ലംഘനങ്ങളിൽ ഭരണസമിതി ഇന്ന് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രിയുടെ ഇന്നത്തെ തീരുമാനം കേസ് അന്വേഷണത്തിൽ നിർണായകമാകും.




