പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തോടെ ഔദ്യോഗിക തുടക്കം. രാജ്ഭവന്റെ നിർദേശം തള്ളി വന്ദേമാതരം സഭയിൽ മുഴുവനായി ആലപിച്ചില്ലെന്നത് ശ്രദ്ധേയമായി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസയുടെ ബാൻഡ് വാദ്യം മാത്രമാണ് കേരള പോലീസ് പ്ലേ ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ജനപ്രിയവും വികസനോന്മുഖവുമായ വൻ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കുമെന്ന് ഗവർണർ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക ക്ഷേമത്തിനും വൻ ഊന്നൽ നൽകുന്നതാണ് പുതിയ സർക്കാരിന്റെ നയങ്ങൾ. സാമൂഹിക ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിച്ചു.കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും. വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. കേരളത്തെ ആഗോള നിലവാരത്തിലുള്ള ഒരു തുറമുഖ ഹബ്ബാക്കി മാറ്റും. കൃഷി ചെയ്യാനുള്ള ചെലവുകൾ കുറയ്ക്കാൻ സർക്കാർ സജീവമായി ഇടപെടും. കാർഷിക മേഖലയിൽ വ്യാപകമായി യന്ത്രവൽക്കരണം നടപ്പിലാക്കാനും വനിതാ കർഷകരെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ കേരളത്തിന്റെ സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്താനുള്ള പ്രത്യേക നടപടികളും സ്വീകരിക്കും.
കേരളത്തെ പുതിയൊരു വികസന പാതയിലേക്ക് നയിക്കാനുള്ള വ്യക്തമായ റോഡ് മാപ്പാണ് യുഡിഎഫ് സർക്കാരിന്റെ ഈ ആദ്യ നയപ്രഖ്യാപനത്തിലൂടെ ഗവർണർ സഭയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്.




