നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയിട്ടില്ലെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. രേഖകൾ തിരുത്താൻ ഓഫീസിലെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടില്ലെന്നും എം ആർ അജിത്കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക വിശദീകരണം നൽകി. ജീവനക്കാർ ഇടപെട്ടെങ്കിൽ അത് അവരുടെ ഉത്തരവാദിത്വമെന്നാണ് എം.ആർ അജിത് കുമാറിന്റെ വാദം.
അജിത്കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനോടകം എസ്ഐടിയ്ക്ക് നൽകിയ മൊഴി. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.




