ആഗോളതലത്തിൽ എബോള വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത. പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളത്തിൽ മുൻകരുതലുകൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ മാറ്റിപ്പാർപ്പിക്കാനായി എറണാകുളം ജില്ലയിൽ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജീകരിച്ചു.
ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സിയാൽ അധികൃതർ പ്രതിരോധ നടപടികൾ കർശനമാക്കിയത്. കൊംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം തുടരും.
- തെർമൽ സ്കാനിങ്
- വിഷ്വൽ ഇൻസ്പെക്ഷൻ
- ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയിലൂടെയാകും രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക.
രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കായി എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേകം ഐസൊലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്.
എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ഏറ്റവും അപകടകാരിയായ ‘ബുണ്ടിബുഗ്യോ എബോള വൈറസ്’ (BDBV) വകഭേദത്തിനെതിരെ ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്. രോഗബാധയേറ്റാൽ 2 മുതൽ 21 ദിവസം വരെയാണ് ഇതിന്റെ ഇൻക്യൂബേഷൻ കാലയളവ്.
പ്രധാന ലക്ഷണങ്ങൾ: പനി, തൊണ്ടവേദന, കടുത്ത തലവേദന തുടങ്ങിയ ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുക. 30 മുതൽ 50 ശതമാനം വരെയാണ് ഈ രോഗത്തിന്റെ മരണനിരക്ക്.
അതുകൊണ്ട് തന്നെ വിമാനത്താവളങ്ങളിൽ യാതൊരുവിധ സുരക്ഷാ വീഴ്ചകളും ഉണ്ടാകരുതെന്ന് ഉന്നതതല യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെന്നും അധികൃതർ അറിയിച്ചു.




