തിരുവനന്തപുരത്ത് കത്തിച്ചുവെച്ച വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് ഉച്ചയോടെ അഗ്നിക്കിരയായത്. അപകടത്തിൽ വീടിന്‍റെ മേൽക്കൂരയും മുറികളും വസ്ത്രങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ പൂർണമായും കത്തിച്ചാമ്പലായി.
വിളക്ക് കത്തിച്ചുവെച്ച ശേഷം വീട്ടുകാർ പുറത്തുപോയ സമയത്താണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വിളക്കിൽ നിന്ന് സമീപത്തെ വസ്തുക്കളിലേക്ക് പടർന്ന തീ, ഓടുമേഞ്ഞ മേൽക്കൂരയിലെ മര ഉരുപ്പടികളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വീട് പൂർണമായും അഗ്നിക്കിരയായി.
പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമനസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. രണ്ട് ലെങ്ത് ഹോസുകൾ ഉപയോഗിച്ച് വിവിധ വശങ്ങളിൽ നിന്ന് ഒരേസമയം ശക്തമായി വെള്ളം പമ്പ് ചെയ്താണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്. സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിബാധ പൂർണമായി ശമിപ്പിച്ചു. എങ്കിലും അതിനോടകം തന്നെ വീട് വാസയോഗ്യമല്ലാത്ത വിധം തകർന്നിരുന്നു.




