മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22) യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പ്രതികരിച്ചു.
യുവതിയും ഭർത്താവും ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ബീച്ചിലേക്ക് പോയത്. ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.




