ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി കണ്ടെത്തിയ വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താന്‍ ആണ് തീരുമാനം. ഒറ്റപെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.
മലപ്പുറം ജില്ലയില്‍ എച്ച്‌ഐവി പരിശോധിക്കാന്‍ ഏഴ് ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാല്‍ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവര്‍ വിരളമാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവര്‍ ഒറ്റപ്പെട്ട പരിശോധനക്ക് എത്താത്തത് വെല്ലുവിളിയാണ്. വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യവകുപ്പ്.
തവനൂര്‍ ജയിലില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഏഴ് മലയാളികള്‍ക്കുമാണ് എച്ച്‌ഐവി വൈറസ് ബാധ സ്ഥിരീകരിച്ചത്.ലഹരി കുത്തി വെക്കാന്‍ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് ഇതേ മാര്‍ഗം ലഹരി ഉപയോഗിക്കുന്ന നിരവധിയാളുകള്‍ പിന്തുടരുന്നുണ്ട് എന്നതാണ് ആശങ്ക.