മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.
2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്നാണ് ആവശ്യം. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. അച്ഛന് ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. മറ്റു സ്ത്രീകളുമായി അവന് ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. സൗന്ദര്യമില്ലെന്ന് ഉള്‍പ്പടെ കാരണമായി പറഞ്ഞു. അവന് കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് -പെണ്‍കുട്ടിയുടെ അച്ഛന് വിശദമാക്കി.