വണ്ടൂര്‍: റോഡിനു കുറുകെ പാഞ്ഞ പന്നി ഇടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ പൊത്തന്‍കോടന്‍ നൗഷാദലി (47) ആണു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെറ്ററന്‍സ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ നൗഷാദലി കിഴിശ്ശേരിയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ 20ന് രാത്രി എട്ടരയോടെ എളങ്കൂറിനു സമീപമാണ് അപകടം.
കൂടെയുണ്ടായിരുന്ന ഇളയ മകന്‍ ഫൈസാനും പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് വണ്ടൂര്‍ മണ്ഡലം സെക്രട്ടറി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്, നവോദയ ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന നൗഷാദലി രാഷ്ട്രീയ, സാമൂഹിക, കായിക രംഗങ്ങളില്‍ സജീവമായിരുന്നു. മികച്ച അനൗണ്‍സര്‍ കൂടിയായിരുന്നു. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ കബറടക്കും. ഭാര്യ റജീന, മറ്റു മക്കള്‍ ഷാഹുല്‍ (യുകെയില്‍ വിദ്യാര്‍ഥി), നിഷാന.