സംസ്ഥാനത്ത് പ്ലസ് വണിന് പുതുതായി 97 അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കുക.
സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ള ഇടങ്ങളില്‍ പ്രാദേശികമായേ അധിക ബാച്ചുകള്‍ അനുവദിക്കൂ. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ബാച്ചുകള്‍ക്ക് സാധ്യത.
വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളിലേക്കും താല്‍പ്പര്യം കൂടുതലുള്ള സ്‌കൂളുകളിലേക്കും മാറാനുള്ള അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞ് അധിക ബാച്ചുകള്‍കൂടി പ്രഖ്യാപിച്ചശേഷമേ ഉണ്ടാകൂ. പുതിയ ബാച്ചുകള്‍ വരികയാണെങ്കില്‍ അവിടങ്ങളിലെ ഇഷ്ടവിഷയങ്ങളിലേക്ക് നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാറിയെത്താനും അവസരം ലഭിക്കും.