മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു. 23 മണിക്കൂർ നീണ്ട വൻ രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് കുറ്റിക്കാടുകൾക്കിടയിലുള്ള കുഴൽക്കിണറിൽ ഭാഗീരഥ് വീണത്. ഏകദേശം 75 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. വിവരം ലഭിച്ച ഉടൻ തന്നെ എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചും ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിച്ചും പ്രതീക്ഷ കൈവിടാതെയായിരുന്നു ദൗത്യം.
കുട്ടി കുടുങ്ങിക്കിടന്ന ഭാഗത്തിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഭൂമിക്കടിയിലെ കടുത്ത പാറക്കെട്ടുകൾ ദൗത്യത്തിന് വലിയ തടസ്സമായി. ഹിറ്റാച്ചികളും ജെ.സി.ബികളും ഉപയോഗിച്ച് രാത്രി മുഴുവൻ പണിപ്പെട്ടെങ്കിലും പാറകൾ തുളച്ച് മുന്നേറാൻ കഴിഞ്ഞില്ല.
സമാന്തര കുഴി പരാജയപ്പെട്ടതോടെ പ്രത്യേക കുഴൽക്കിണർ ഉപകരണങ്ങളും ഇരുമ്പ് വടികളും ഉപയോഗിച്ചായി ശ്രമം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഴൽക്കിണറിലെ വെള്ളത്തിൽ വീണത് മൂലം ശ്വാസതടസ്സം നേരിട്ടതാണ് മരണകാരണം.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുഴൽക്കിണറുകൾ കൃത്യമായി മൂടാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.




