തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. മരിച്ച ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ഇതിനെ തല്ലിക്കൊന്നു. ആൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കടിയേറ്റ സഹോദരൻ അനോജ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഭക്ഷ്യവിഷബാധയെന്ന് കരുതി ചികിത്സ തേടിയെത്തിയ കുരുന്നുകളെ തട്ടിയെടുത്തത് അതിമാരക വിഷമുള്ള ശംഖുവരയനാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് ആൽജോയുടെ മരണകാരണം പാമ്പ് കടിയേറ്റതാണെന്ന് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: കടുത്ത ചൂട് കാരണം രാത്രി ഹാളിലാണ് അമ്മയും കുട്ടികളും കിടന്നിരുന്നത്. പിന്നീട് ഉറക്കത്തിനിടയിൽ അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറി. രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ട് ഉണർന്നു. വൈകിട്ട് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ജ്യൂസ് കുടിച്ചിരുന്നതിനാൽ, അതിന്റെ അസ്വസ്ഥതയാകാം എന്ന് കരുതി വീട്ടുകാർ ജീരകവെള്ളം നൽകി. എന്നാൽ പുലർച്ചെ 5.30-ഓടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ട് ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തുമ്പോഴേക്കും ആൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. ഡോക്ടർമാരുടെ പരിശോധനയിലാണ് ഇതൊരു പാമ്പ് കടിയേറ്റ കേസായി തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് ഹാളിന്റെ പരിസരത്ത് പാമ്പ് ഇഴയുന്നത് കണ്ടത്.
വനത്തോടു ചേർന്ന ഒറ്റനില വീടായതിനാൽ പരിസരത്ത് ഇനിയും പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച സമയത്ത് വീണ്ടും പാമ്പിനെ കണ്ടത് വലിയ ഭീതിയാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. വെന്റിലേറ്ററിൽ കഴിയുന്ന അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും.
ശംഖുവരയൻ പാമ്പുകളുടെ കടിയേറ്റാൽ പലപ്പോഴും വേദനയോ പാടുകളോ പ്രകടമാകില്ല എന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഇതാണ് ഈ കേസിൽ ചികിത്സ വൈകാൻ കാരണമായത്. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്.




