ഏതാണ് നല്ല ചായ എന്ന ചോദ്യത്തിനുത്തരം പലതാണെങ്കിലും ചായ കുടിക്കാന്‍ പോകാം എന്ന ചോദ്യത്തിന് ചായ പ്രേമികള്‍ക്ക് ഒരുത്തരമേ ഉണ്ടാകു. ഔദ്യോഗികമല്ലെങ്കിലും ചായയെ ഇന്ത്യയുടെ ദേശീയപാനീയമാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ കുടിക്കുന്ന പാനീയം എന്ന ഖ്യാതിയും ചായയ്ക്കു തന്നെ. ലോക ഭക്ഷ്യ കാര്‍ഷിക സംഘടന മെയ് 21-നാണ് ലോക ചായ ദിനമായി ആചരിക്കുന്നത്.
തെക്കന്‍ ചൈന, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇന്ത്യയിലെ അസം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തേയിലയുടെ ഉത്പത്തിയെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. 5000 വര്‍ഷങ്ങളോളം മുമ്പ് ചൈനയില്‍ ഔഷധമായും പാനീയമായും തേയില ഉപയോഗിച്ചിരുന്നതായാണ് ചരിത്രരേഖകള്‍ പറയുന്നത്.
വീണ്ടും വീണ്ടും ചായ കുടിക്കാന്‍ തോന്നുന്നതിനുമുണ്ടൊരു ശാസ്ത്രം
Camellia Senesis എന്നാണ് തേയിലച്ചെടിയുടെ ശാസ്ത്രീയനാമം. തേയില ഇലയില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. അവയാണ് ചായയ്ക്ക് മണവും രുചിയും ഉന്മേഷദായകശേഷിയുമൊക്കെ നല്‍കുന്നത്. ‘പോളിഫീനോളുകള്‍’ എന്ന ഔഷധഗുണമുള്ള ഘടകങ്ങള്‍ തേയിലയില്‍ കാണപ്പെടുന്നു. തേയിലയിലുള്ള ‘മീതൈല്‍ സാന്തീന്‍’ എന്ന വിഭാഗത്തില്‍പ്പെടുന്ന ‘കഫീ’നാണ് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നത്.
ഇവകൂടാതെ ‘ക്ലോറോഫില്‍’ ഉള്‍പ്പെടെയുള്ള വര്‍ണകങ്ങള്‍, എന്‍സൈമുകള്‍, ബാഷ്പീകരണ ശേഷിയുള്ള എണ്ണകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയൊക്കെ തേയിലയിലുണ്ട്. സംസ്‌കരണത്തിന്റെ പല ഘട്ടങ്ങള്‍ പിന്നിട്ടാണ് തേയിലയില, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, വൈറ്റ് ടീ, ഊലോങ് ടീ തുടങ്ങിയ പലതരം തേയിലകളായി മാറുന്നത്.
ഇന്ത്യ ചായഭൂപടത്തില്‍
ബ്രിട്ടീഷ് അധിനിവേശക്കാലത്താണ് ഇന്ത്യയില്‍ തേയിലത്തോട്ടങ്ങള്‍ വ്യാപകമാകുന്നത്. ചൈനയെ ആശ്രയിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ‘അസം തേയില’ അവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചു. 1837-ല്‍ പരീക്ഷണകൃഷി വിജയിച്ചതോടെ അസമില്‍ തേയില എസ്റ്റേറ്റുകള്‍ ഒന്നൊന്നായി നിലവില്‍വന്നു. തമിഴ്‌നാട്ടിലെ നീലഗിരി, ഹിമാചല്‍പ്രദേശിലെ കാംഗ്ര തുടങ്ങി പലയിടങ്ങളിലേക്ക് തേയില എസ്റ്റേറ്റുകള്‍ വ്യാപിച്ചു.
ചീനരുടെ ചായ നമ്മുടെ ചായ
ലോകത്തെ തേയില ഉത്പാദകരില്‍ ഇന്ത്യ രണ്ടാമതാണ്. ചൈനയാണ് ഒന്നാമത്. ചൈനയിലെ ചായയുടെ അപരനാമം ചാ എന്നാണ്. നമ്മുടെ ചായയും ഹിന്ദിയിലെ ചായ്യുമൊക്കെ ഈ വാക്കില്‍ നിന്നുണ്ടായതാണ്.




