‘പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും’ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ഇന്‍സ്റ്റഗ്രാമില്‍ ജ്യോതിഷ വിദഗ്ധനെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ യുവതിയെ വലയില്‍ വീഴ്ത്തിയത്. ബെംഗളൂരുവിലെ വിനയ്കുമാര്‍ എന്നയാളാണ് തട്ടിപ്പിന് പിന്നില്‍. യുവതിയുടെ ജന്മനക്ഷത്രവും നാളും ചോദിച്ച് ചില ദോഷങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പരിഹാര പൂജകള്‍ക്കായി പണം ആവശ്യപ്പെട്ടു.
ആദ്യം 1820 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് പലതവണയായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായപ്പോള്‍ പണം തിരികെ ചോദിച്ചു. 13000 രൂപ തിരികെ നല്‍കിയ ശേഷം ബാക്കി തുക നല്‍കാനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.