മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ പാലം എയര്‍പോര്‍ട്ടില്‍ ഇറങ്ങി. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.
നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.
അതേസമയം റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത് നിര്‍ണായക നേട്ടമെന്ന് ലോകനാഥ് ബെഹ്റ പ്രതികരിച്ചു. റാണയ്ക്ക് എതിരെ നിരവധി തെളിവുകള്‍ ശേഖരിച്ചിരുന്നു. റാണ കൊച്ചിയില്‍ വന്നിട്ടുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ അന്ന് ലഭിച്ചിരുന്നു.
മുംബൈ ഭീകര അക്രമണത്തിന് ഏതെങ്കിലും തരത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഇനി അറിയാം. ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്തപ്പോള്‍ റാണയെ കുറിച്ച് പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ 100 അധികം ഫോണ്‍ കോള്‍ ചെയ്തിരുന്നു. മുംബൈ ഭീകര ആക്രമണത്തില്‍ റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റാണ നിരവധി തവണ ഇന്ത്യയില്‍ എത്തിയത്തിന്റെ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.