തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി. ഇതില്‍ ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെട്ടിരുന്നു. ഗവര്‍ണര്‍ ഒപ്പിടാതെ റദ്ദായതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരിച്ച് കിട്ടി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് എടുത്ത് കളഞ്ഞ് കൊണ്ടുള്ള ഓര്‍ഡിനന്‍സും റദ്ദാക്കപ്പെട്ടതോടെയാണിത്. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിയും. അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം.